വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടും; സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം; ഇ.ഡി നടപടികൾ തുടങ്ങി



കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസിൽ നിർണായക നീക്കവുമായി ഇ.ഡി. എക്സാലോജിക് സൊലൂഷൻസ് ഡയറക്ടർ ടി. വീണയുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളാണ് ഇ.ഡി ആരംഭിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടികൾ വേഗത്തിലാക്കുന്നത്.

വീണയുൾപ്പെടെയുള്ള പ്രതികളുടെ 29.02 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ ഇ.ഡി. മരവിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്. ഇതിനായി ഇ.ഡി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായുള്ള ഫയൽ നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.

വീണയുടെ പേരിൽ ഭൂമിയും ഫ്ലാറ്റും

ടി. വീണയുടെ പേരിൽ ഒരു ഫ്ലാറ്റ് ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങൾ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.

രണ്ടുമാസം മുൻപ് കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പിണറായി വില്ലേജിൽ പിണറായി–പാറപ്രം റോഡിനോട് ചേർന്ന് വീണയുടെ പേരിൽ 80 സെന്റ് ഭൂമിയുള്ളതായി അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.

പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്തും പരിശോധന നടത്തിയിരുന്നു. ഈ ഭൂമിയും വീണയുടെ പേരിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരിശോധിച്ച സ്വത്തുക്കളുടെ മൂല്യം ഇതിനകം നിർണയിച്ചുകഴിഞ്ഞതായാണ് വിവരം.

മരവിപ്പിച്ച സ്വത്തുക്കളിൽ വിവിധ നിക്ഷേപങ്ങളും

ഇ.ഡി. നേരത്തെ മരവിപ്പിച്ച സ്വത്തുക്കളിൽ വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ 15.57 ലക്ഷം രൂപയും എക്സാലോജിക് സൊലൂഷൻസിന്റെ 27,585 രൂപയും ഉൾപ്പെടുന്നു. സി.എം.ആർ.എൽ. സ്ഥാപക മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ 11.70 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം, സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കഴിഞ്ഞയാഴ്ച മറ്റൊരു നിർണായക കണ്ടെത്തലും ഇ.ഡി. നടത്തിയിരുന്നു. മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോഗ്രാമിലേറെ സ്വർണാഭരണങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സ്വർണവും ഇ.ഡി. മരവിപ്പിച്ചിരിക്കുകയാണ്.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് ഇ.ഡി. നീക്കം. ഇതിനായി ഉന്നത അനുമതികൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
Previous Post Next Post