അപകടവിവരമറിഞ്ഞ് യൂണിറ്റ് ഉടമ ആശുപത്രിയിലെത്തിയെങ്കിലും തുടർ ചികിത്സയ്ക്കാവശ്യമായ സഹായം നൽകിയില്ലെന്നാണ് ഷിബുവിന്റെ കുടുംബത്തിന്റെ പരാതി. അപകടം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിട്ടും സാമ്പത്തിക സഹായം നൽകാൻ ഉടമ തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച് നൽകുന്ന 5000 രൂപ മാത്രമാണ് ചികിത്സാ സഹായമായി ലഭിച്ചതെന്നും കുടുംബം പറയുന്നു. അപകടവിവരം കുടുംബത്തെ കൃത്യമായി അറിയിക്കുന്നതിലും കമ്പനി അധികൃതർ വീഴ്ച വരുത്തിയെന്നാണ് മറ്റൊരു ആരോപണം. ഫോൺ വിളിച്ച് പോലും മകന്റെ വിവരങ്ങൾ അന്വേഷിക്കാൻ ഉടമ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
മകന്റെ പരിചരണത്തിനായി കൂടെ നിൽക്കേണ്ടി വരുന്നതിനാൽ തനിക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെന്ന് ഷിബുവിന്റെ അമ്മ പറയുന്നു. തുടർചികിത്സയ്ക്കും കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കുമായി സുമനസ്സുകളുടെ സഹായം തേടേണ്ട അവസ്ഥയാണെന്നും കുടുംബം വ്യക്തമാക്കുന്നു. അപകടത്തെ തുടർന്ന് രണ്ട് വിരലുകൾ നഷ്ടപ്പെട്ട ഷിബുവിന് തുടർചികിത്സയും ഉപജീവനത്തിനുള്ള മാർഗവും ഉറപ്പാക്കാൻ അടിയന്തര സഹായം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.