യുകെയിൽ എൽ നിനോ ശക്തിപ്രാപിക്കുന്നു; വീടുകളിൽ ഭക്ഷണസാധനങ്ങൾ കരുതിവെക്കാൻ നിർദേശം..






( പ്രതീകാത്മക ചിത്രം ) 
ലണ്ടൻ: -  അതിശക്തമായ കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ പസഫിക് സമുദ്രത്തിൽ ശക്‌തിപ്രാപിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് ഉണ്ടാകാനിടയുള്ള അതിശക്തമായ കാലാവസ്ഥാ സംഭവങ്ങളെ നേരിടാൻ വീടുകളിൽ ഭക്ഷണസാധനങ്ങൾ കരുതിവയ്ക്കണമെന്ന് പരിസ്‌ഥിതി സെക്രട്ടറി ഡെയിം ആൻജല ഈഗിൾ.

 ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമാണ് വികസിച്ചു വരുന്നതെന്നും ഇത് ബ്രിട്ടനിൽ വരണ്ട വേനലിനും 
കൂടുതൽ മഴയുള്ള ശീതകാലത്തിനും അതിശക്തമായ കൊടുങ്കാറ്റുകൾക്കും കാരണമാകുമെന്നും അവർ പറഞ്ഞു.


അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തകർ എത്തുന്നതുവരെ കുറച്ചുകാലം ഉപയോഗിക്കാനാകുന്ന തരത്തിൽ വീട്ടിൽ ഭക്ഷണസാധനങ്ങളുടെ ശേഖരം ഉണ്ടായിരിക്കുന്നത് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സൈബർ ആക്രമണങ്ങൾ, തീവ്രമായ കാലാവസ്ഥ‌, സസ്യ-മനുഷ്യ രോഗവ്യാപനം തുടങ്ങിയ വിവിധ ഭീഷണികൾക്ക് മുന്നിൽ ബ്രിട്ടൻ്റെ ഭക്ഷ്യവിതരണ ശൃംഖല ദുർബലമാണെന്ന് നാഷനൽ ഓഡിറ്റ് ഓഫിസ് (എൻഎഒ) മുന്നറിയിപ്പ് നൽകി

ഭക്ഷ്യവിതരണത്തിൽ തടസ്സമുണ്ടാകുമ്പോൾ സ്വകാര്യ മേഖലയെ സർക്കാർ സംവിധാനങ്ങൾ അമിതമായി ആശ്രയിക്കുന്നതായും ഭക്ഷ്യവിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ ഡെഫ്ര മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിതരണത്തിലെ തടസ്സങ്ങൾ ഭക്ഷ്യവില ഉയരാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭക്ഷണം വാങ്ങുന്നത് കൂടുതൽ ബുദ്ധിമുട്ടാകാനും ഇടയാക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ഫിൻലാൻഡ്, സ്വീഡൻ, യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ബ്രിട്ടനിലെ കുടുംബങ്ങൾ തയാറെടുപ്പുകൾ നടത്തുന്നത് കുറവാണെന്നും എൻഎഒ ചൂണ്ടിക്കാട്ടി.

അതിനിടെ, താപനില നിയന്ത്രിച്ച് ഭക്ഷണം കൊണ്ടുപോകുന്ന കമ്പനികളുടെ സംഘടനയായ കോൾഡ് ചെയിൻ ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഫിൽ പ്ലക്ക് പറഞ്ഞത് ബ്രിട്ടൻ “പ്രതിസന്ധിക്ക് വളരെ അടുത്താണ്” എന്നാണ്. ഭക്ഷ്യവിതരണ സംവിധാനത്തിലെ പ്രധാന ദുർബല മേഖലകൾ റഷ്യൻ സൈബർ ഹാക്കർമാർ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം
ആരോപിച്ചു. എൽ നിനോ, ആഗോള ചരക്കുഗതാഗതത്തിലെ തടസ്സങ്ങൾ, മഹാമാരികളുടെ സാധ്യത എന്നിവ കണക്കിലെടുക്കുമ്പോൾ എല്ലാ സാഹചര്യങ്ങളിലും സ്വകാര്യ മേഖലയെ മാത്രം ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വീടുകളിൽ ഭക്ഷണസാധനങ്ങൾ കരുതിവയ്ക്കണോ എന്ന ചോദ്യത്തിന് “അതെ” എന്നായിരുന്നു പ്ലക്കിൻ്റെ മറുപടി. ഓരോ വീട്ടിലും ആവശ്യമായ തോതിൽ സാധനങ്ങൾ കരുതിവയ്ക്കുന്നത്
 ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. അത്യാഹിത സാഹചര്യങ്ങളിൽ ഭക്ഷണ-ജല ക്ഷാമം നേരിടാൻ കുടുംബങ്ങൾ സ്വീകരിക്കേണ്ട ചെറുതെങ്കിലും പ്രധാനപ്പെട്ട നടപടികൾ ഉൾപ്പെടുത്തിയ മാർഗനിർദേശങ്ങൾ ഈ വർഷം അവസാനത്തോടെ സർക്കാർ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Previous Post Next Post