
തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്. കുറവൻകോണത്ത് അനധികൃതമായി നടത്തി വന്നിരുന്ന നാലു നില കെട്ടിട നിർമ്മാണമാണ് ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്.
ഒരാഴ്ച മുമ്പ് നഗരസഭ ടൗൺ പ്ലാനിംഗ് സ്‌ക്വാഡ് മ്യൂസിയം പോലീസിന്റെ സാന്നിദ്ധ്യത്തിൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണ് രഹസ്യമായി പണി പുനരാരംഭിച്ചത്. നിർമ്മാണ ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെയാണ് ഈ കെട്ടിടം പണിതത്.
അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനൊപ്പം പോലീസിന്റെ കൂടി കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്നും അനുമതി ഇല്ലാത്ത ഇത്തരം നിർമ്മാണങ്ങൾ പൊളിച്ചു കളയാൻ നിർദ്ദേശം നൽകുമെന്നും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു. നഗരസഭാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു. ബി., ഓവർസിയർമാരായ ശിവകുമാർ. ബി, രമ്യ രമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.