തൊണ്ടിമുതല്‍ മോഷണം പോയ സംഭവം; രൂക്ഷ ഗന്ധം കാരണം മാറ്റിവെക്കുക മാത്രമാണ് ചെയ്തത്: സിസിപിഒ സബിത്തിനെതിരെ ഗൂഢാലോചനയെന്ന് വക്കീല്‍.




സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സസ്പെൻഷനിലായ സിവില്‍ പൊലീസ് ഓഫീസർ സബിത്തിന്റെ അഭിഭാഷകൻ അമല്‍ജിത്ത്.

ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം മൂലം അത് മാറ്റി വെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

സ്റ്റേഷനില്‍ കാർ കഴുകുന്നതിനിടെ ചാക്കില്‍ കിടന്നിരുന്ന ഹാൻസിന്റെ ദുർഗന്ധം കാരണം അത് സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ സബിത്ത് ലീവില്‍ പോവുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാൻസ് കാണാനില്ലെന്ന വിവരം അറിയുന്നത്.

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്താതെയാണ് സബിത്തിനെതിരെ എഫ്‌ഐആർ ഇട്ടതെന്നാണ് ആരോപണം. തൊണ്ടിമുതല്‍ കാണാതായ വിവരം അറിഞ്ഞ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സബിത്ത് ഒളിവിലാണെന്ന പൊലീസ് വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറച്ചുവെക്കാനും സബിത്തിനെ ബലികാടാക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് അഭിഭാഷകന്റെ വാദം. കേസില്‍ നീതിപൂർവമായ അന്വേഷണം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

أحدث أقدم