
കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽനിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. പൊയിൽക്കാവ് സ്വദേശിനി ലീലയ്ക്കാണ്(60) അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വൈകീട്ട് നാല് മണിയോടെ പൊയിൽക്കാവ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ യാത്രക്കാർക്ക് ഇറങ്ങാനായി ഓട്ടോമാറ്റിക് ഡോർ തുറന്നു. എന്നാൽ ബസ് നിർത്തുന്നതിന് മുമ്പ് ലീല പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാലിലെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.