സിപിഎം നേതാവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ



വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീനാദേവി കുഞ്ഞമ്മ. നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ശ്രീനാദേവിക്ക് എതിരെ കഴിഞ്ഞ ദിവസം കേസ് കൊടുത്തിരുന്നു. പിന്നാലെയാണ് വീണ്ടും പോസ്റ്റ്. രാഹുൽ മാക്കൂട്ടത്തിൽ ഉൾപ്പെട്ട സംഘർഷതിന് പിന്നാലെയാണ് സൈബർ പോര് തുടങ്ങിയത്. കേസിന് പിന്നാലെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.

കെ പി ഉദയഭാനു പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി എന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ ആണ് കെ പി ഉദയഭാനുവിൻറെ നീക്കം. ഫേസ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് ഉദയഭാനു വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു. തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് ശ്രീനാദേവി കുഞ്ഞമ്മ മാപ്പ് എഴുതി നൽകണമെന്നും 15 ദിവസത്തിനകം മറുപടി നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്ന കെ പി ഉദയഭാനുവിൻറെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസാണ് കേസെടുത്തത്. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.

Previous Post Next Post