
മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച സ്ത്രീ അറസ്റ്റിൽ. ‘ലേഡി അഘോരി’ എന്നറിയപ്പെടുന്ന കാളി നന്ദ് ഗിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കത്തുന്ന ചിതയിൽനിന്ന് വാൾ ഉപയോഗിച്ച് മൃതദേഹഭാഗങ്ങൾ കുത്തിയെടുത്ത് ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ശ്മശാനത്തിന്റെ മേൽനോട്ട ചുമതലയുള്ള വിഷ്ണു മഹാരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശ്മശാനത്തിലേക്ക് അതിക്രമിച്ച് കയറിയത്, സംസ്കാരച്ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്നത്, മൃതദേഹത്തെ അപമാനിച്ചതെന്നത് തുടങ്ങിയ കുറ്റങ്ങളാണ് കാളി നന്ദ് ഗിരിക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുക്കുന്ന ദൃശ്യങ്ങൾ കാളി നന്ദ് ഗിരി തന്നെയാണ് ചിത്രീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇവർ മതപരമായ സ്ഥലങ്ങളും ആചാരങ്ങളും കേന്ദ്രീകരിച്ചുള്ള വീഡിയോകളും റീലുകളും പതിവായി പങ്കുവയ്ക്കാറുണ്ട്.
അതേസമയം, കാളി നന്ദ് ഗിരി ജനിച്ചത് പുരുഷനായാണെന്നും യഥാർഥ പേര് അല്ലൂരി ശ്രീനിവാസ് എന്നായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നു. താന്ത്രിക ചടങ്ങുകൾ നടത്താമെന്ന് വാഗ്ദാനം ചെയ്ത് തെലങ്കാന സ്വദേശിയായ ഒരു സ്ത്രീയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും കാളി നന്ദ് ഗിരിക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് ഉജ്ജയിൻ എസ്.പി. പ്രദീപ് ശർമ പറഞ്ഞു. ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ അഘോരി പാരമ്പര്യത്തിൽപ്പെട്ടവരിൽനിന്നും വിമർശനം ഉയർന്നിട്ടുണ്ട്. കാളി നന്ദ് ഗിരിയുടെ പ്രവൃത്തിയെ ജൂന അഖാരയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.