ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസിന്റെ കൂട്ടയടി… പ്രവർത്തകർക്കെതിരെ…



തൃശൂർ: ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് നേരെ ചായക്കറ്റിൽ എറിഞ്ഞവർക്കെതിരെ കേസ്. കേരള കോൺഗ്രസ്, യൂത്ത് ഫ്രണ്ട് പ്രവർത്തകരായ 10 പേർക്കെതിരെയാണ് പൊലീസ് നടപടി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്. സംഘർഷത്തിനിടെ തിളച്ച ചായ വീണ് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

തോമസ് ഉണ്ണിയാടൻ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. തോമസ് ഉണ്ണിയാടൻ എംഎൽഎയെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. സംഘർഷത്തിനിടെ യോഗത്തിനായി എത്തിച്ച ചൂടുചായ പ്രവർത്തകർക്ക് മേൽ ഒഴിക്കുകയും പ്രവർത്തകരെ പിടിച്ചുമാറ്റാനെത്തിയ പൊലീസുകാർക്ക് നേരെയും ചൂടുചായ വീഴുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന് നേരെ ചായക്കറ്റിൽ എറിഞ്ഞതായും ആരോപണമുയർന്നത്.

കേരള കോൺഗ്രസ് ജില്ലാ സൗഹൃദവേദിയുടെ നേതൃത്വത്തിൽ തോമസ് ഉണ്ണിയാടന് സ്വീകരണം നൽകുന്നതിനിടെയാണ് മറ്റൊരു വിഭാഗം തൃശൂരിൽ യോഗം ചേർന്നത്. ഇവിടേക്ക് ഉണ്ണിയാടൻ അനുകൂലികളും എത്തിയതോടെയാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. തോമസ് ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായാണ് സ്വീകരണം സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. മന്ത്രിപദവിയോ ഭരണ മുന്നണി ചീഫ് വിപ്പ് പദവിയോ നൽകാത്തതിൽ തോമസ് ഉണ്ണിയാടന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാർട്ടിക്കുള്ളിലെ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.


Previous Post Next Post