എന്നാ ചൂടാടാ ഉവ്വേ ഇത് ..! എൽനിനോ പ്രതിഭാസം മൂലം കാലവർഷം മാറിനിൽക്കുന്നതോടെ സംസ്ഥാനം കത്തുന്ന ചൂടിലേക്ക്. ഇനിയുള്ള നാല് ദിവസം ....


കോട്ടയം  എൽനിനോ കാലവർഷം മാറിനിൽക്കുന്നതോടെ സംസ്ഥാനം കത്തുന്ന ചൂടിലേക്ക്. ഇനിയുള്ള നാല് ദിവസം ചൂടിനേക്കാൾ മൂന്ന്-നാൽ ഡിഗ്രി കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ജനങ്ങളെ അസ്വസ്ഥമാക്കുന്ന അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച്ച സാധാരണ ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന പുനലൂരിൽ 36.2 ഡിഗ്രി താപനില രേഖപ്പെടുത്തുന്നു. നിലവിലുണ്ടാവേണ്ടതിനെക്കാൾ 4.7 ഡിഗ്രി കൂടുതലാണിത്. കോട്ടയം 34.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത് (നാലു ഡിഗ്രി കൂടുതൽ). നെടുമ്പാശേരി 33.9 (മൂന്ന് ഡിഗ്രി കൂടുതൽ), പാലക്കാട് 34.4 (നാലു), നെടുമ്പാശേരി 33.9 (മൂന്നു കൂടുതൽ), കോഴിക്കോട് 33.8 (3.5 കൂടുതൽ), വെള്ളാനിക്കര 33.7 (3.5 കൂടുതൽ). 

വരും ദിവസങ്ങളിൽ മൂന്നു മുതൽ നാലുവരെ ഡിഗ്രി ചൂട് കൂടുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് കണക്കിലെടുത്താൽ സംസ്ഥാനം നീങ്ങുന്നത് കടുത്ത ചൂടിലേക്കെന്നതാണ് വസ്തുത. മഴ ലഭ്യത ശരാശരിയിലും താഴെയെത്തിയപ്പോൾ 125 വർഷത്തെ ചൂട് കൂടിയ ഓഗസ്റ്റാണ് കടന്നുപോയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.രാജ്യത്ത് 1901ന് ശേഷമുള്ള ഏറ്റവും ഉയർന്ന ചൂട് കഴിഞ്ഞ ഒഗസ്റ്റിലാണ് രേഖപ്പെടുത്തിയത്. സാധാരണ ഓഗസ്റ്റിൽ 27.34 ആണ് ശരാശരി താപനില.

ഇത്തവണ ശരാശരി താപനില 28.01 ലെത്തി. രാത്രികാല താപനിലയും കഴിഞ്ഞ ഓഗസ്റ്റിൽ കൂടി. പസഫിക് സമുദ്രത്തിലുണ്ടായ ശക്തമായ എൽനിനോ വരണ്ട കാലാവസ്ഥയ്ക്കും കത്തുന്ന ചൂടിനും കാരണം.

ചിങ്ങവും കന്നിയും ഇങ്ങനെ മുന്നോട്ട് പോയാൽ എൽനിനോ കാലത്ത് തുലാവർഷവും വിട്ടുനിന്നാൽ കേരളത്തിൻ്റെ കാലാവസ്ഥയും മാറും. കാർഷിക മേഖലയെ വലിയ തോതിൽ ബാധിക്കും.


أحدث أقدم