പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ… ശുപാർശ കൈമാറാതെ…


തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ സംസ്ഥാന സർക്കാർ ശുപാർശ കൈമാറിയില്ല. 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച ശുപാർശ ഇതുവരെ പിഎസ്‌സിക്ക് നൽകിയിട്ടില്ല. പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി നീട്ടുന്നത് നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലാണ് തീരുമാനം നീളാൻ കാരണം.

സർക്കാർ ശുപാർശ നൽകിയാൽ പിഎസ്‌സി അത് തള്ളാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ഇത് മുന്നിൽ കണ്ടാണ് ശുപാർശ കൈമാറുന്നതിനുള്ള തീരുമാനം നീട്ടിയത്. അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പിലെ റാങ്ക് പട്ടികകളുടെ കാലാവധി മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സർക്കാർ ശുപാർശ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. ശുപാർശ രേഖാമൂലം ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാനാണ് കമ്മീഷന്റെ തീരുമാനം. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ–പിഎസ്‌സി നിലപാടുകൾ നിർണായകമാകും.

Previous Post Next Post