മീൻപിടിത്തത്തിനായി കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അപ്രതീക്ഷിതമായുണ്ടാകുന്ന തിരയേറ്റത്തിലും മറ്റ് അപകടങ്ങളിലുംപ്പെട്ട് കാണാതാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 13ന് വിഴിഞ്ഞത്ത് ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ നടത്തിയിരുന്നു. പരീക്ഷണം വിജയിച്ചതിനെ തുടർന്ന് ഡ്രോൺ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ തീരദേശ വികസന കോർപ്പറേഷൻ അധികൃതരോട് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാകും ഡ്രോൺ സ്റ്റേഷനുകൾ സജ്ജമാക്കുക. പദ്ധതി വിജയകരമായാൽ കൊച്ചി, കോഴിക്കോട് ജില്ലകളിലും ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം. കടലിനടിയിലും ജലോപരിതലത്തിന് മുകളിലും തിരച്ചിൽ നടത്താൻ കഴിയുന്ന രണ്ട് തരത്തിലുള്ള ഡ്രോണുകളാണ് പദ്ധതിയിൽ ഉപയോഗിക്കുക.
കടലിനടിയിൽ 500 മീറ്റർ വരെ ആഴത്തിൽ സഞ്ചരിച്ച് തിരച്ചിൽ നടത്താൻ കഴിയുന്ന ഡ്രോണുകളാണ് ഇതിലൊന്ന്. 130 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കളെയോ ആളുകളെയോ യന്ത്രക്കൈ ഉപയോഗിച്ച് ഉയർത്താനും ഇതിന് ശേഷിയുണ്ടാകും. ജലോപരിതലത്തിന് മുകളിലൂടെ പറക്കുന്ന മറ്റൊരു ഡ്രോൺ അപകടത്തിൽപ്പെട്ടവരെ കണ്ടെത്തി രക്ഷാപ്രവർത്തനത്തിന് സഹായിക്കും. അപകടത്തിൽപ്പെട്ടവർക്ക് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നതിനായി ലൈഫ് ബോയയും ലൈഫ് ജാക്കറ്റും എത്തിച്ചുനൽകാനും ഈ ഡ്രോണുകൾക്ക് കഴിയും.