
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 787 പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കണക്ക് നല്‍കാന്‍ തയ്യാറെന്നും വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതുപോലെ കണക്കും, അവരുടെ വിലാസവും നല്‍കാന്‍ തയ്യാറാണ്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാര്‍ 12 പേരെ നിയോഗിച്ചു. 2025ല്‍ ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി.
ഒരു വര്‍ഷം 7 ലക്ഷം രൂപയില്‍ അധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയില്‍ അധികവും ഇതിനായി പിണറായി സര്‍ക്കാര്‍ ചിലവാക്കി. ഇതൊക്കെ ചെയ്തവരാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു