
കൊച്ചി: സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് വെടക്കാക്കി തനിക്കാക്കാനുള്ള പണിയാണോ ചെയ്യുന്നതെന്ന് സംശയമുണ്ടെന്നായിരുന്നു തോമസ് ഐസക്കിൻ്റെ കുറ്റപ്പെടുത്തൽ. കോൺഗ്രസ് ഏറ്റവും കൂടുതൽ പണം വാങ്ങിയ മേഖലകളിലൊന്ന് മരുന്ന് കമ്പനികളാണെന്ന് ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിൻ്റെ വിമർശനം.
ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ ഉദ്പാദനത്തിൻ്റെ പകുതിയിലേറെയും രേവന്ത റെഡ്ഡി മുഖ്യമന്ത്രിയായ തെലങ്കാനയിൽ നിന്നായതിനാൽ നന്നായിട്ട് സംഭാവന മേടിച്ചതായും തോമസ് ഐസക്ക് ആരോപിച്ചു. ആ സംഭാവനക്ക് പകരം തിരിച്ച് കൊടുക്കാനുള്ള ഏർപ്പാടുകളും പലവിധ സമ്മർദ്ദങ്ങളും പല സ്ഥലത്ത് നിന്നും ഉണ്ടെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. അതിനാൽ ഇതൊക്കെ യാദൃശ്ചികമായി തോന്നുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോഗ്യമന്ത്രി മാത്രമല്ല അദ്ദേഹത്തിൻ്റെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറിയായ ഡോക്ടറും കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പറഞ്ഞ് നടന്നത് എന്താണെന്നും തോമസ് ഐസക് ചോദിച്ചു