മോർഫിങ് കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു...





മലപ്പുറം: മോർഫിങ് കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 26കാരനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ഇന്നലെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ സുബിൻ ബാബു മൊബൈൽ ടെക്നീഷ്യനാണ്. ജോലി കുറവുള്ള സമയത്ത് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് മലബാർ മേഖലയിലെ കോളേജ് വിദ്യാർത്ഥിനികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കണ്ടെത്തുകയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. 

ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 12ഓളം പരാതികളാണ് മോർഫിങ് സംഭവത്തിൽ ഉയർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിയായ ശ്രീഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മറ്റ് ജില്ലകളിൽനിന്നും സമാനമായ സംഭവങ്ങൾ പുറത്തുവന്നത്. കോളേജ് പ്രിൻസിപ്പൽ ഇൻചാർജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് ശ്രീഹരിക്കെതിരെ കേസെടുത്തത്. ഭാരത് മാതാ കോളേജിലെ കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായിരുന്ന ശ്രീഹരി രണ്ടാം വർഷ ബി.ബി.എ ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു. സംഭവത്തെ തുടർന്ന് ഇയാളെ കോളേജിൽനിന്ന് പുറത്താക്കിയിരുന്നു.

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കിയ ശേഷം ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കോളേജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും പിന്നീട് പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികളാണ് ആദ്യം കോളേജ് അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മലപ്പുറം കേസിലും സമാനമായ രീതിയിലുള്ള ഡിജിറ്റൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
أحدث أقدم