ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ. മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തൻ്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്നാണ് കത്ത് സമർപ്പിച്ചത്. 21/5/2026 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യം. അന്ന് മുതൽ പാളയം പ്രദീപ് തൻ്റെ കൂടെയുണ്ടെന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് തള്ളിയാണ് പാളയം പ്രദീപിനായി രമ്യ ഹരിദാസ് ഈ കത്ത് നൽകിയത്. ആദ്യം സ്പീക്കറുടെ ഓഫീസിലാണ് രമ്യ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാൽ നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെയാണ് രമ്യ നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്. കെപിസിസിയുടെ ഓഫീസിന് പോലും പുല്ലുവില കൽപ്പിച്ചാണ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ രമ്യ ഹരിദാസ് സമീപിച്ചത്.