തൃശൂർ: ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി ബിജെപി നേതാവ് വി. മുരളീധരൻ. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. താൻ കർത്തയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വ്യക്തിപരമായി താൻ വാങ്ങിയിട്ടുണ്ടോ എന്ന് ആർക്കും കണക്കുകൾ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായി ആദായനികുതി അടയ്ക്കുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010 മുതൽ അഞ്ച് വർഷം താൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് പാർട്ടി പ്രവർത്തനം നടത്തിയത് വീട്ടിൽ നിന്ന് പണം കൊണ്ടു വന്നല്ലെന്നും, ആ സമയത്ത് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പ്രവർത്തകർ പലരിൽ നിന്നും പിരിവ് വാങ്ങിയിട്ടുണ്ടാകാമെന്നും അത് അധ്യക്ഷന്റെ അറിവോടെ ആയിരിക്കില്ലെന്നും മുരളീധരൻ വിശദീകരിച്ചു. ബിജെപിയിൽ മറ്റ് മുരളീധരന്മാർ ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷോൺ ജോർജ് പുറത്തുവിട്ട ഡയറി രേഖയുടെ ആധികാരികതയെക്കുറിച്ച് തനിക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണം ഏജൻസികൾക്ക് എന്ത് അന്വേഷണവും നടത്താമെന്നും വെല്ലുവിളിച്ചു. അതേസമയം, എക്സാലോജിക് വിവാദത്തിൽ പ്രാഥമികാന്വേഷണം പോലും നടത്താത്തതിനെയും, മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഉന്നത നേതൃത്വവും സംസ്ഥാനത്തെ സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം നീക്കങ്ങളെന്നും വി. മുരളീധരൻ ആരോപിച്ചു.