ദമാം-റിയാദ് ഹൈവേയിലെ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം




റിയാദ് ദമാം-റിയാദ്/ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അൻസില മൻസിൽ അഷ്റഫിന്റെ മകൻ അൻസാർ അഷ്റഫ് (35) ആണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച്‌ച മുൻപാണ് ദമ്മാമിലെത്തിയത്.

ജോലിയുടെ ഭാഗമായി ദമാമിൽ നിന്നും റിയാദിലേക്കുള്ള യാത്രയ്ക്കിടെയാണ് അൻസാറും ഒപ്പമുള്ള അഞ്ചുപേരും സഞ്ചരിച്ച വാഹനവും കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിൽ ട്രെയിലർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരുക്കുപറ്റിയ അൻസാർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച ഒപ്പമുണ്ടായിരുന്ന അഞ്ചു പേരിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ സംസ്കരിക്കും. നിയമ നടപടികൾ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. പിതാവ്: അഷ്റഫ്, മാതാവ്: കുഞ്ഞുമോൾ, ഭാര്യ: റിസാന.




Previous Post Next Post