ആദ്യ പരീക്ഷണത്തിന്റെ സന്ദേശം യുഡിഎഫിന് എതിര്… സമസ്ത മുഖപത്രമായ സുപ്രഭാതം



        


        

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. ‘ആദ്യ പരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം’ എന്ന പേരിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും യുഡിഎഫിനുമെതിരെ വിമർശനം ഉന്നയിക്കുന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിന് അനുകൂലമല്ലെന്ന രാഷ്ട്രീയ സന്ദേശമാണ് ലഭിക്കുന്നതെന്ന് മുഖപ്രസംഗം വിലയിരുത്തുന്നു.

ഭരണത്തിന്റെ ആദ്യ നാളുകളിൽ ഉയർന്നുവന്ന വിവാദങ്ങളെ സ്വാഭാവിക രാഷ്ട്രീയ ബലപരീക്ഷണങ്ങളായി മാത്രം കാണുന്നത് എളുപ്പമാണെങ്കിലും, ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകളുടെ പശ്ചാത്തലത്തിൽ യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും മുഖപ്രസംഗം പറയുന്നു. 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലത്തിൽ യുഡിഎഫ് 19 സീറ്റും എൽഡിഎഫ് 18 സീറ്റും നേടി. എറണാകുളം പൂത്തൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി20 നിലനിർത്തി. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റും എൽഡിഎഫിന് 15 സീറ്റുമായിരുന്നു. എൽഡിഎഫ് യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് നാല് എൽഡിഎഫ് സീറ്റുകൾ തിരിച്ചുപിടിച്ചു. യുഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടതിനു പുറമെ ചില ഇടങ്ങളിൽ വോട്ട് വിഹിതത്തിലും കുറവുണ്ടായെന്നാണ് മുഖപ്രസംഗത്തിലെ വിമർശനം.

അധികാരത്തിലെത്തി നാല് മാസം തികയും മുമ്പ് മുന്നണിയുടെ രാഷ്ട്രീയ തിളക്കം കുറയാനുള്ള കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ ചുറ്റിപ്പറ്റി കഴിഞ്ഞ മാസങ്ങളിൽ ഉയർന്നുവന്ന വിവിധ വിവാദങ്ങൾക്ക് വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നൽകാൻ കഴിഞ്ഞോയെന്ന ചോദ്യവും മുഖപ്രസംഗം ഉന്നയിക്കുന്നു. മലപ്പുറം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോൺസർഷിപ്പ് സംബന്ധിച്ച സംശയങ്ങൾ, ഔദ്യോഗിക ബോർഡും നമ്പറും പതിച്ച സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയവ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചെന്നും മുഖപ്രസംഗം പറയുന്നു. ഖജനാവിന് സാമ്പത്തിക ബാധ്യതയില്ലെന്ന വിശദീകരണം ഉണ്ടായാലും അധികാരസ്ഥാനത്തിരിക്കുന്നവർ സ്വകാര്യ സൗകര്യങ്ങൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട സുതാര്യതയും ഔചിത്യവും സംബന്ധിച്ച ചോദ്യങ്ങൾ നിലനിൽക്കുന്നുവെന്നും സുപ്രഭാതം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു

Previous Post Next Post