പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ചികിത്സാ പിഴവുണ്ടായെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ




പയ്യന്നുർ : പയ്യന്നൂരിൽ ചികിത്സയ്ക്കിടെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാനതല വിദഗ്ധ സമിതി കണ്ടെത്തി. ആറംഗ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറിയതായാണ് റിപ്പോർട്ട്.


പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യ കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ നില ഗുരുതരമായി. പിന്നീട് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.


സംഭവത്തിൽ നേരത്തെ ജില്ലാതല വിദഗ്ധ സമിതി പരിശോധിച്ചിരുന്നു. സമിതിയിൽ ചികിത്സാ പിഴവിനെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നാണ് വിഷയം സംസ്ഥാനതല വിദഗ്ധ സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. ജില്ലാതല സമിതിയിലെ ഭൂരിപക്ഷ അംഗങ്ങൾ ചികിത്സാ പിഴവുണ്ടായെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.


കേസിൽ കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെ പൊലീസ് നേരത്തെ പ്രതി ചേർത്തിരുന്നു. സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കണമോ ഉൾപ്പെടെയുള്ള തുടർനടപടികൾ പൊലീസ് തീരുമാനിക്കും.

അതേസമയം, ചികിത്സയിൽ വീഴ്ചയുണ്ടായെന്ന ആരോപണം ആശുപത്രി നേരത്തെ നിഷേധിച്ചിരുന്നു. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടിക്ക് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം ഉണ്ടായെന്നും ഉടൻ വെന്റിലേറ്റർ സഹായം നൽകിയെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം.



Previous Post Next Post