
തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നും തോൽവിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു. സി പി എമ്മിൻ്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സി പി എം ജനറൽ സെക്രട്ടറി തുറന്നുസമ്മതിച്ചു. വീഴ്ചകൾ എല്ലാം ഞങ്ങൾ തുറന്നു സമ്മതിക്കുമെന്നും ബേബി വ്യക്തമാക്കി. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടും അതിനെയെല്ലാം മറച്ചുവെച്ച് ഇടത് മുന്നണിക്കെതിരെ നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സി പി എമ്മും ആർ എസ് എസും തമ്മിൽ ധാരണയുണ്ടെന്ന തരത്തിൽ വ്യാജപ്രതീതി സൃഷ്ടിച്ചതും തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം നടന്നതുമാണ് തോൽവിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങളെന്നും, ഇതിനൊപ്പം പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചെറുതും വലുതുമായ പോരായ്മകൾ തുറന്നു സമ്മതിച്ച് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.