രണ്ട് മാസത്തിലേറെ പഴക്കം… പരവൂരിൽ തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും….


കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന് സമീപത്തുനിന്നാണ് രണ്ടുമാസത്തിലേറെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ആൾപ്പാർപ്പില്ലാത്ത പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടിയും ചില അസ്ഥികൂട ഭാഗങ്ങളുമാണ് സ്ഥലത്തുനിന്ന് ലഭിച്ചത്. മൃതദേഹാവശിഷ്ടങ്ങൾക്ക് സമീപത്തുനിന്ന് വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.

മരിച്ചയാൾ ആരാണെന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്. അതേസമയം, രണ്ടുമാസം മുൻപ് ഇതേ പമ്പ്ഹൗസിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ചാത്തന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയുടേതായിരുന്നു ഈ ബൈക്കെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് കണ്ടെത്തിയതിന് പിന്നാലെ പ്രതിയെ അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ പോക്സോ കേസ് പ്രതിയുടേതാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
أحدث أقدم