ദുബായിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! ഒറ്റയടിക്ക് വില ഇടിഞ്ഞു



ദുബായ് : അമേരിക്കൻ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെ ദുബായിൽ സ്വർണ ഉപയോക്താക്കൾക്ക് നേരിയ ആശ്വാസം. ഇന്ന് ദുബായ് വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി

24 കാരറ്റ് സ്വർണം ഗ്രാമിന് 533.50 ദിർഹമായി കുറഞ്ഞു. ഇന്നലെ ഇത് 536.25 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 496.50 ദിർഹമിൽ നിന്ന് 494 ദിർഹമായും താഴ്ന്നു. ഇരു വിഭാഗത്തിലും ഗ്രാമിന് 2.75 ദിർഹമിന്റെ കുറവാണ് ഉണ്ടായത്.
22 കാരറ്റ് സ്വർണം 10 ഗ്രാം വാങ്ങുന്നയാൾക്ക് തിങ്കളാഴ്‌ചത്തെ വിലയെ അപേക്ഷിച്ച് 27.50 ദിർഹം ലാഭിക്കാം.
പശ്ചിമേഷ്യയിലെ പുതിയ സംഘർഷസാധ്യതകളും അമേരിക്കയിൽ പലിശനിരക്ക് ഉയർന്നേക്കുമെന്ന നിഗമനങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ഇന്ന് രാവിലെ രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില 0.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,428.54 ഡോളറിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാഷ് കഴിഞ്ഞ ആഴ്‌ച നടത്തിയ പ്രസംഗത്തിൽ പണപ്പെരുപ്പം ചെറുക്കാൻ കർശന നടപടികൾ തുടരുമെന്ന സൂചന നൽകിയിരുന്നു. ഇതാണ് സ്വർണവിലയിൽ പെട്ടെന്നുള്ള
ഇടിവിന് കാരണമായതെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു. ഹോർമുസ് കടലിടുക്കിലെ പുതിയ തർക്കങ്ങൾ ക്രൂഡ് ഓയിൽ വില കൂട്ടുകയും പണപ്പെരുപ്പ ഭീഷണി ഉയർത്തുകയും ചെയ്തിട്ടുണ്ട്. പലിശനിരക്ക് ഉയരുമ്പോൾ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം കുറയുന്നതിനാൽ നിക്ഷേപകർ മറ്റ് മാർഗങ്ങളിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്.

അതിനാൽ വരും ദിവസങ്ങളിലെ അമേരിക്കൻ സാമ്പത്തിക വിവരങ്ങൾ യുഎഇയിലെ സ്വർണവിലയെയും സ്വാധീനിക്കും

ഇന്നത്തെ തിരിച്ചടി മാറ്റിവച്ചാൽ ദീർഘകാലയളവിൽ സ്വർണം ശക്തമായ മുന്നേറ്റത്തിലാണ്. ഓഗസ്റ്റിൽ മാത്രം സ്വർണവിലയിൽ 10 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വളർച്ചയാണിത്. കറൻസികളുടെ മൂല്യത്തകർച്ചയും കടബാധ്യതകളും മുൻനിർത്തിയുള്ള നിക്ഷേപങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണത്തിന് വിപണിയിൽ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.
 
Previous Post Next Post