വാഷിങ്ടൻ : _ അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിൻ്റെ ചരക്കുവിമാനം റൺവേയിൽനിന്ന് തെന്നിമാറി തകർന്നു വീണ് വൻ ദുരന്തം. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും അഞ്ചുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പ്യൂർട്ടോ റിക്കോയിലെ സാൻവാനിൽനിന്ന് എത്തിയ ബോയിങ് 767-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അതിർത്തി കടന്ന് സമീപത്തെ റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് തീപിടിക്കുകയും ആകാശത്തേക്ക് കറുത്ത പുകച്ചുരുളുകൾ ഉയരുകയും ചെയ്തു. റോഡിലുണ്ടായിരുന്ന വാഹനങ്ങൾ തകർന്നുപോയതായും ചിലർ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടത്തിൽപ്പെട്ടവരിൽ വിമാന ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
അപകടത്തെത്തുടർന്ന് മയാമി-ഫയർ റെസ്ക്യൂവിന്റെ അറുപതിലധികം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത്. പരുക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്നത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണമാക്കിയെങ്കിലും പെട്ടെന്നുതന്നെ ചോർച്ച നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി ഫയർഫോഴ്സ് ചീഫ് വ്യക്തമാക്കി.