
മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയുടെ സ്‌പോൺസർ ആരാണെന്നറിയാനുള്ള ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മത്സരത്തിന് പിന്തുണയുമായി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. ഇങ്ങനെയൊരു വേറിട്ട ക്യാമ്പയിനുമായി രംഗത്തിറങ്ങുന്ന ഡിവൈഎഫ്‌ഐക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസർമാരുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പവർകട്ടിനെ നേരിടുന്നതിനുള്ള എമർജൻസി ലൈറ്റാണ് ബംബർ സമ്മാനം. പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്നവർക്കെല്ലാം മെഴുകുതിരിയും നൽകും. വ്യാഴാഴ്ച രാവിലെ 11ന് സെക്രട്ടറിയറ്റിന് മുന്നിലും എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു