മണ്ണിൽ കണ്ട ചെറിയൊരുമഞ്ഞപ്പൊട്ട് ഒരാളെകോടീശ്വരനാക്കുമോ?
ഓസ്ട്രേലിയയിലെ
വിദൂരപ്രദേശത്ത് സ്വർണം
തേടിയിറങ്ങിയ ഒരാൾക്ക്
സംഭവിച്ചത് അതാണ്. മെറ്റൽ
ഡിറ്റക്ടറിന്റെ സഹായത്തോടെ
ദിവസങ്ങളോളം തിരച്ചിൽ
നടത്തിയ ഇദ്ദേഹത്തിന് ഒടുവിൽ
ലഭിച്ചത് ഏകദേശം 1.2 കിലോഗ്രാം
ഭാരമുള്ള കൂറ്റൻ സ്വർണക്കട്ട.
ഇതിന്റെ മൂല്യം 1.5 ലക്ഷം മുതൽ 1.6 ലക്ഷം ഡോളർ വരെയാണെന്നാണ് കണക്കാക്കുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 1.3 കോടി രൂപയിലധികം!
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ടിബൂബുറയ്ക്കു സമീപം മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിലായിരുന്നു ഈ അപൂർവ കണ്ടെത്തൽ. സ്വർണം തേടിയിറങ്ങിയ അമച്വർ ഗവേഷകൻ ദിവസങ്ങളോളം ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും ആദ്യമൊന്നും കാര്യമായ നേട്ടമുണ്ടായില്ല. ഒടുവിൽ ചുവന്ന മണ്ണിനടിയിൽ ഒളിഞ്ഞിരുന്ന സ്വർണം വെളിപ്പെട്ടു.
മെറ്റൽ ഡിറ്റക്ടറിൽ ലഭിച്ച സൂചന പിന്തുടർന്ന് മണ്ണ് കുഴിച്ചപ്പോഴാണ് ആ കാഴ്ച. കുഴിയുടെ മധ്യഭാഗത്ത് തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള ചെറിയൊരു അടയാളം! മണ്ണ് നീക്കിയപ്പോൾ അതൊരു വലിയ സ്വർണക്കട്ടയുടെ ഭാഗമാണെന്ന് വ്യക്തമായി. കണ്ടെത്തലിന്റെ വിഡിയോ ഗവേഷകൻ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. പഴയ വെടിയുണ്ടകൾ, ആണികൾ, കുതിരലാടങ്ങൾ തുടങ്ങിയവയാണ് സാധാരണയായി മെറ്റൽ ഡിറ്റക്ടറിൽ കണ്ടെത്തുന്നതെന്ന് ഗവേഷകൻ പറയുന്നു. എന്നാൽ ഇത്തവണ ലഭിച്ച സൂചന തലവര
മാറ്റി.
ക്വാർട്സ് ധാതുവിന്റെ അംശങ്ങളുള്ള ' സ്വർണക്കട്ടയ്ക്ക് 'ടിബൂബുറ ഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിൽ 940 ഗ്രാം തനി സ്വർണമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതു വിൽക്കാനാണ് കണ്ടെത്തിയ ആളുടെ പദ്ധതി. ഒരു കിലോഗ്രാമിലധികം ഭാരമുള്ള സ്വർണക്കട്ടകൾ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. ലോകത്തിലെ പ്രധാന സ്വർണ ഉൽപാദക രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഭൂമിക്കടിയിലെ വൻ സ്വർണശേഖരങ്ങൾക്കും ആധുനിക ഖനന സാങ്കേതികവിദ്യകൾക്കും പേരുകേട്ട രാജ്യമാണിത്. വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്താണ് രാജ്യത്തെ സ്വർണനിക്ഷേപങ്ങളിൽ ഭൂരിഭാഗവും.