
കുറ്റിപ്പുറം തവനൂരിൽ 100 ഗ്രാമോളം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. തവനൂർ തെക്കുമുറി സ്വദേശി മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്കുസമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് പിടിയിലായത്. വിപണിയിൽ അഞ്ചുലക്ഷത്തോളം വിലവരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് രണ്ടുപേരെയും ഡാൻസാഫ് ടീമും കുറ്റിപ്പുറം പൊലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് കാറിൽ പ്രതികൾ എംഡിഎംഎ തവനൂരിലെത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും പരിസരങ്ങളിലും വിൽപ്പന നടത്താനായിട്ടാണ് എംഡിഎംഎ എത്തിച്ചതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.
ലഹരിവിൽപ്പന നടക്കുന്നതായ രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് നാട്ടിലെത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തികസഹായം ചെയ്തവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി