തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടിയിലുള്ള സബ്ജയിലിൽ നിന്നും ചാടിപ്പോയ തടവുകാരിൽ 13 പേരെ പിടികൂടി പൊലീസ്. ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് കൂടുതൽ പേരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. 17 പേരിൽ കണ്ടെത്താനുള്ള നാലുപേർക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയതായി സൗത്ത് സോൺ ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. വിചാരണ തടവുകാരാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം ജയിൽച്ചാടിയത്. പ്രദേശവാസികളും തടവുകാരുടെ തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. തടവുകാരിൽ ഒരാളെ അയാൾ രക്ഷാപ്പെടാൻ ശ്രമിച്ച ഓട്ടോയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ ഈ ഓട്ടോയിൽ തന്നെ പൊലീസ് ജയിലിൽ എത്തിക്കുകയും ചെയ്തു.
പ്രതിയാണെന്ന് തിരിച്ചറിയാതെയാണ് ഓട്ടോ ഡ്രൈവർ ഇയാളെ വണ്ടിയിൽ കയറ്റിയത്. ഒരു പൊലീസ് കോൺസ്റ്റബിളാണ് പരിശോധനയ്ക്കിടെ ഓട്ടോ തടഞ്ഞത്. തുടർന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. 17 പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് തമിഴ്നാട് പൊലീസ് തെരച്ചിൽ ആരംഭിച്ചത്. കേരളം പൊലീസുമായി ചേർന്ന് ഇടുക്കി, മധുര, ദിണ്ഡിഗൽ എന്നിവിടങ്ങളിൽ താത്കാലിക ചെക്ക് പോസ്റ്റുകളും സജ്ജീകരിച്ചിരുന്നു