ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് പുലർച്ചെ…. സിസിടിവി ദൃശ്യങ്ങൾ പുറത്ത്



കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ നിർണായകമായേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട 17കാരൻ ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലർച്ചെ 1.36നാണ് ഇയാൾ കാറുമായി ഫ്ലാറ്റിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 2.20ഓടെയാണ് അപകടം നടന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെയ്‌നർ റോഡിലെ അപകടസ്ഥലത്തെത്താൻ 44 മിനിറ്റാണ് എടുത്തത്. കേസിന്റെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പ്രധാന തെളിവായി മാറിയേക്കും.

കേസിൽ ഗുരുതര വീഴ്ചയുണ്ടായെന്ന ആഭ്യന്തരമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ എഡിജിപി പി. വിജയൻ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. കുടുംബാംഗങ്ങളുടെ പരാതികളും ആവശ്യങ്ങളും അദ്ദേഹം കേട്ടു. അതേസമയം, 17കാരന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം തുടങ്ങി. നരഹത്യാക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് ചേരാനല്ലൂർ പൊലീസ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ച നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസിന്റെ വാദം. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ 17കാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തി കണ്ടിരുന്നു. മകൻ തന്റെ അറിവോടെയല്ല വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ നിലപാട്.

എന്നാൽ, കോടതിയുടെ അനുമതിയില്ലാതെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി നേടിയശേഷം ജഡ്ജിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അച്ചടക്ക സമിതി റിപ്പോർട്ട് പരിശോധിച്ചശേഷം അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്

أحدث أقدم