
മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ പിണറായിയെ പാര്‍ട്ടി അനുഭാവികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സ്വീകരിച്ചത്. പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം ചുറ്റിച്ചുവെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥ കാലത്ത് നേരിട്ടത് ശാരീരിക പീഡനമായിരുന്നെങ്കില്‍ ഇവിടെ പൊലീസിനെ ഉപയോഗിച്ച് അധികാരികള്‍ മാനസികമായി ബുദ്ധിമുട്ടിക്കാം എന്നാകും കരുതിയിരിക്കുകയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഒരു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നെങ്കില്‍ മണിക്കൂറുകളോളം തന്നെ ചെറിയ വണ്ടിയിലിരുത്തി നഗരം ചുറ്റിക്കേണ്ട കാര്യമില്ല. വിചിത്രമായ നടപടിയാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്ക് ലഭിച്ച നിര്‍ദേശം അതായിരിക്കാം. തങ്ങള്‍ക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിക്കുന്ന കാര്യങ്ങളൊന്നും തന്നെ മുന്‍കൂട്ടി സജ്ജമാക്കിയിരുന്നില്ല. പൊലീസുകാരും മനുഷ്യരായതുകൊണ്ട് അവര്‍ കഴിക്കാന്‍ കൊണ്ടുവന്നതില്‍ നിന്ന് അല്‍പം ഭക്ഷണമാണ് തന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.