
ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കാൽനടയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ വണ്ടിയെടുത്ത് അമിതവേഗത്തിൽ എവിടെപ്പോയി എന്ന് ചോദിക്കാൻ സാമൂഹിക മാധ്യമങ്ങളിലെ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തിൽ ചില അപകടങ്ങൾ നടക്കുമ്പോൾ മാത്രം സദാചാരവും വർഗീയതയും വിളമ്പുന്ന ഇരട്ടത്താപ്പിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിന്റോ പ്രതികരിച്ചത്.
കൊലയാളികളുടെയെല്ലാം പൊതുവായ ഘടകം കയ്യിലുള്ള കാശിന്റെ അഹങ്കാരമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പണക്കൊഴുപ്പിന്റെ ഹുങ്കിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടിടങ്ങളിലും അപകടം വരുത്തിവെച്ചതിന് ശേഷം സ്വാധീനമുപയോഗിച്ച് സ്വന്തം മക്കളെ കേസിൽനിന്ന് എങ്ങനെയെങ്കിലും ഊരിയെടുക്കാനാണ് അപ്പന്മാരും ഉപ്പമാരും നെട്ടോട്ടമോടുന്നതെന്ന് ഡോ. ജിന്റോ ജോൺ കുറ്റപ്പെടുത്തി. മറ്റുള്ളവരോട് സഹാനുഭൂതിയും മനുഷ്യത്വവും പകർന്നുനൽകി മക്കളെ നേർവഴിക്ക് വളർത്താനാകാത്ത, പരാജയപ്പെട്ട കുറേ അച്ഛന്മാരാണ് സമൂഹത്തിലുള്ളതെന്നും കുറിപ്പിൽ പറയുന്നു