തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കാനുള്ള നിർദേശത്തിൽ ചർച്ചകൾ സജീവമാകുന്നു. ഇതുസംബന്ധിച്ച് സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് ചേരും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ചയ്ക്കു പുറമേ ശനിയാഴ്ചയും അവധിയാക്കുന്നതാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യം.
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങളും രണ്ട് അവധി ദിവസങ്ങളും നടപ്പാക്കുന്നതിലൂടെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. ശനിയാഴ്ച അവധി നൽകാനുള്ള നിർദേശത്തെ വിവിധ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലുള്ള പൊതു അവധികളും കാഷ്വൽ ലീവുകളും കുറയ്ക്കാനുള്ള സാധ്യതയോട് ചില സംഘടനകൾക്ക് എതിർപ്പുണ്ട്. സംഘടനകൾ തങ്ങളുടെ അഭിപ്രായങ്ങൾ ഈ മാസം 12നകം അറിയിക്കണമെന്നാണ് നിർദേശം.
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന ആശയത്തോട് ഇടത്-വലത് സർവീസ് സംഘടനകൾക്ക് പൊതുവേ യോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങളും അവധികളും സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജീവനക്കാരുടെ ലീവ് ഉൾപ്പെടെയുള്ള അവകാശങ്ങൾ ഹനിക്കരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ പ്രതികരിച്ചു. സർക്കാർ ഓഫീസുകളുടെ പ്രവർത്തിദിനങ്ങൾ കുറയ്ക്കുന്നത് പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. ശനിയാഴ്ച കൂടി അവധിയാകുമ്പോൾ ഓഫീസുകളിലെത്തുന്നവർക്കുള്ള സേവനലഭ്യത ഉറപ്പാക്കേണ്ടതും പ്രധാനമാണ്.
അതേസമയം, ആഴ്ചയിൽ രണ്ട് അവധി ദിവസങ്ങൾ അനുവദിക്കുന്നതിനൊപ്പം നിലവിലുള്ള അവധികളും ലീവുകളും വെട്ടിക്കുറയ്ക്കാനുള്ള നിർദേശത്തോട് സർവീസ് സംഘടനകൾ യോജിക്കുമോയെന്നതും നിർണായകമാണ്. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന നിർദേശം നേരത്തെയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷനും വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലും ഇക്കാര്യം നിർദേശിച്ചിരുന്നു. ഈ മാസം 17ന് നടക്കുന്ന യോഗത്തിലെ ചർച്ചകൾക്കുശേഷം നിർദേശത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സർക്കാർ ഓഫീസുകൾക്ക് അഞ്ച് പ്രവൃത്തിദിനം എന്ന തീരുമാനം ഇതുവരെ അന്തിമമായിട്ടില്ല