തൂഫാൻ പരമ തട്ടിപ്പ്… ആർ ശ്രീലേഖയ്ക്ക് എന്തുപറ്റിയെന്ന് രമേശ് ചെന്നിത്തല



കൊല്ലം: ലഹരിക്കെതിരായ പൊലീസിന്റെ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തൂഫാൻ പരമ തട്ടിപ്പാണെന്നും പൊലീസിൽ ജോലി ചെയ്തിരുന്ന തനിക്ക് ഇക്കാര്യം അറിയാമെന്നും ശ്രീലേഖ ആരോപിച്ചു.ആർ. ശ്രീലേഖയുടെ പരാമർശത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. ശ്രീലേഖയ്ക്ക് എന്തുപറ്റിയെന്ന് ചോദിച്ച ചെന്നിത്തല, കേരളത്തിലെ ജനങ്ങൾ മുഴുവൻ തൂഫാൻ നടപടികളെ പിന്തുണയ്ക്കുന്നുവെന്നും പ്രതികരിച്ചു.

തൂഫാൻ പദ്ധതിയുടെ ഭാഗമായി നിരവധി കേസുകൾ പിടിച്ചതായി പൊലീസ് അവകാശപ്പെടുമ്പോൾ, തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കാണാതായെന്ന വാർത്തകളാണ് പുറത്തുവരുന്നതെന്ന് ആർ. ശ്രീലേഖ ആരോപിച്ചു. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതായി കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നതെന്നും ഒരു പൊലീസുകാരിയായിരുന്ന തനിക്ക് ഇക്കാര്യം അറിയാമെന്നും അവർ പറഞ്ഞു.ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.

തൂഫാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്കെതിരെ ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീലേഖയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post