താനൂരിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. താനൂര്‍ ചെറിയകത്ത് സ്വദേശി സലാമിനെയാണ് താനൂര്‍ ഡാന്‍സഫ് സംഘം കൊല്ലം ആയിരംതെങ്ങില്‍ നടത്തിയ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ജില്ല വിട്ട് ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും കൊല്ലം ആയിരംതെങ്ങില്‍ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈ.എസ്.പിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അന്വേഷണം ശക്തമാക്കിയത്. ഏറെ നാളായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അറസ്റ്റിന് ശേഷം പ്രതിയെ താനൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം, സംഭവത്തിന്റെ ആസൂത്രണം, പ്രതിക്ക് സഹായം നല്‍കിയവര്‍ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്