ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് മോഷണം… ലോണടക്കാൻ സൂക്ഷിച്ചിരുന്ന….



തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് നാല് പവൻ സ്വർണവും ഇരുപത്തയ്യായിരം രൂപയും കവർന്നു. മുക്കോല സ്വദേശി ഗിരിജയുടെ (63) വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ ഗിരിജ പതിവായി സമീപത്തെ കുടുംബ വീട്ടിലാണ് രാത്രി ഉറങ്ങാറുള്ളത്. രാവിലെ വന്നു നോക്കിയപ്പോഴാണ് വീടിന്റെ പിന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അകത്തെ സാധനങ്ങൾ വലിച്ചുവാരീയ ഇട്ടിരിക്കുന്നതായി കണ്ടെത്തി.

City & Local Guides

വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണാഭരണങ്ങളും ഇരുപത്തയ്യായിരം രൂപയുമാണ് കവർന്നത്. ബാങ്ക് ലോൺ അടയ്ക്കാനായി കരുതിവെച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് ഗിരിജ വ്യക്തമാക്കി. പതിവായി വിഴിഞ്ഞം തുറമുഖത്തുനിന്നും നിർമാണ പ്രവർത്തനങ്ങളുടെ വലിയ ശബ്ദം കേൾക്കാറുള്ളതിനാൽ, മോഷണം നടന്ന രാത്രിയിലും ശബ്ദം കേട്ടെങ്കിലും തുറമുഖ കമ്പനിയുടെ ജോലിയായാണ് ഗിരിജ കരുതിയത്. എന്നാൽ രാവിലെയാണ് വീട് കുത്തിത്തുറന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞ് വിഴിഞ്ഞം പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഈ വീടിന് സമീപമുള്ള മറ്റ് ചില വീടുകളിലും മോഷണശ്രമം നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്

أحدث أقدم