കണ്ണൂർ: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി ദിവ്യ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ പ്രതികരിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിലാണ് ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്നും കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നുമാണ് പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുസംബന്ധമായ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും