
ചേർത്തല: ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. 13 പേർക്ക് പരിക്കേറ്റു. പന്തളം മാന്തുക എമിനൻസ് വില്ലേജ് നുമി മൻസിലിൽ സജീവിന്റെ മകൻ ആദിൽ സജീവ് (25) ആണ് മരിച്ചത്. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന ആദിൽ കണ്ണൂരിൽ പോയി മടങ്ങുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും ഒരു വശത്തേക്ക് മറിഞ്ഞു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും മാരാരിക്കുളം പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
പരിക്കേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആദിലിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചു.