ഭർത്താവിനെ കൊന്ന് കൊത്തിനുറുക്കി; രാജ്യത്തെ നടുക്കിയ നീല ഡ്രം കൊലപാതകത്തിൽ നിർണായക വിധി



മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി നീല ഡ്രമ്മിൽ ഒളിപ്പിച്ച കേസിൽ ഭാര്യ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് വിധി പ്രഖ്യാപിച്ചത്. രാജ്യത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ ദീർഘമായ വിചാരണയ്ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.

2025 മാർച്ച് നാലിനാണ് സൗരഭ് രാജ്പുത് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാൻ രസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപാതകം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിൽ ഒളിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

മീററ്റിലെ ബ്രഹ്മപുരി മേഖലയിലുള്ള വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരകൃത്യം പുറംലോകമറിഞ്ഞത്. മൃതദേഹം ഒളിപ്പിക്കാൻ ഉപയോഗിച്ച നീല ഡ്രം കേസിന്റെ പ്രധാന തെളിവായി മാറി. പിന്നാലെ മുസ്‌കാനെയും സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.


കേസിൽ 13 മാസം നീണ്ട വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവെന്ന് പറയുന്ന നീല ഡ്രം, സിമന്റ്, കത്തി, പാത്രങ്ങൾ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടവരുടെ മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി പരിഗണിച്ചു

Previous Post Next Post