കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്.
മുഖ്യപ്രതിയായ ശ്രീരാജ് കൊച്ചിയിലെ വിവിധ സ്പാകളുടെ സംരക്ഷകനാമെന്ന വ്യാജേന ഗുണ്ടാപ്പിരിവ് നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഗുണ്ടാബന്ധവും ഉന്നതബന്ധവും പറഞ്ഞ് സ്പാകളിൽ നിന്ന് ഇയാൾ മാസംതോറും ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തിരുന്നത്. സ്ഥിരകുറ്റവാളിയായ ശ്രീരാജിനെതിരെ രണ്ട് എൻ.ഡി.പി.എസ്. കേസുകൾ ഉൾപ്പെടെ അഞ്ച് കേസുകൾ നിലവിലുണ്ട്. സ്പാ മാനേജറോട് മോശമായി പെരുമാറിയ കേസും ഇതിൽപെടും.
ബെംഗളൂരു കേന്ദ്രീകരിച്ച് രാസലഹരി ഇടപാടുകൾ നടത്തിയിരുന്നയാളാണ് ശ്രീരാജ്.
കേസിൽ അതിജീവിതയോട് ഏറ്റവും കൂടുതൽ ക്രൂരത കാട്ടിയത് രണ്ടാം പ്രതിയായ ശരണ്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു.
കേസിലെ രണ്ടാം പ്രതി ശരണ്യ, നാലാം പ്രതി സഞ്ജയ് എന്നിവരെ ഉണിച്ചിറയിലെ സ്പാകളിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ചോദ്യംചെയ്യലിനോട് പ്രതികൾ കാര്യമായി സഹകരിക്കുന്നില്ലെന്നും പലകാര്യങ്ങളും മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ടെന്നും തൃക്കാക്കര എ.സി.പി., സി.കെ. ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.
ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്തു മാർട്ടിൻ എന്നിവരുടെ തെളിവെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. ജിത്തു മാർട്ടിൻ ഉപയോഗിച്ചിരുന്ന മോട്ടോർസൈൈക്കിളും പോലീസ് കണ്ടെടുത്തു.
യുവതിക്ക് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി രാസലഹരിയും മദ്യവും നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളെക്കുറിച്ചും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നവരെക്കുറിച്ചുമുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.