കാപ്പ നിയമം നിർത്തലാക്കണം… ജയിലുകൾ ലഹരിക്കച്ചവടത്തിന്റെ കേന്ദ്രങ്ങളെന്ന് ബിജെപി കൗൺസിലർ…



തിരുവനന്തപുരം: കാപ്പ നിയമം സർക്കാർ ആദ്യം നിർത്തലാക്കണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ. രാഷ്ട്രീയ പാർട്ടികളും പൊലീസും വ്യക്തിവൈരാഗ്യം തീർക്കാനുള്ള ഉപാധിയായി കാപ്പ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചെറിയ കേസുകളുടെയും വ്യക്തിവൈരാഗ്യത്തിന്റെയും പേരിൽ ആളുകൾക്കെതിരെ കാപ്പ ചുമത്തുമ്പോൾ നിരവധി കൊടുംകുറ്റവാളികൾ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുകയാണെന്നും സുഗതൻ പറഞ്ഞു. പൊലീസിന് ആരോടെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായാൽ ചെറിയ കേസിന്റെ പേരിൽപ്പോലും കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും അതേസമയം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പലരും നടപടികൾ നേരിടാതെ പുറത്തുകഴിയുകയാണെന്നും സുഗതൻ ആരോപിച്ചു.

മാപ്പുകൾ കാണുക

തനിക്കെതിരെയും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കാപ്പ ചുമത്തി ജയിലിലടച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയാനാണ് നിയമം നടപ്പാക്കേണ്ടതെന്നും രാഷ്ട്രീയ എതിരാളികളെയും വ്യക്തിവൈരാഗ്യമുള്ളവരെയും വേട്ടയാടാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാപ്പ നിയമത്തിന്റെ ദുരുപയോഗം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ജുവനൈൽ ഹോമുകളിലും ബോസ്റ്റൽ സ്കൂളുകളിലും കഴിയുന്ന ചെറുപ്പക്കാർ പിന്നീട് കാപ്പ ചുമത്തപ്പെട്ട് കൊടുംകുറ്റവാളികൾക്കൊപ്പം ജയിലിലെത്തുന്ന സാഹചര്യം തിരുത്തൽ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നതായും സുഗതൻ പറഞ്ഞു. കുറ്റവാളികളെ തിരുത്താനായി സ്ഥാപിച്ച സംവിധാനങ്ങൾ അവരെ കൂടുതൽ വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഓപ്പറേഷൻ തൂഫാൻ ആദ്യം നടപ്പാക്കേണ്ടത് ജയിലുകൾക്കുള്ളിലാണെന്ന് സുഗതൻ പറഞ്ഞു. കണ്ണൂർ വനിതാ ജയിലിൽനിന്ന് എംഡിഎംഎ പിടികൂടിയ സംഭവം ജയിലുകളിലെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള ആശങ്ക ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജയിലുകൾ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്നും ഇത് ഇപ്പോഴത്തെ സർക്കാരിന്റെ കാലത്ത് മാത്രം തുടങ്ങിയതല്ലെന്നും സുഗതൻ ആരോപിച്ചു. കൊടി സുനി ഉൾപ്പെടെയുള്ളവർ എങ്ങനെയാണ് കോടീശ്വരന്മാരായതെന്ന് അന്വേഷിച്ചാൽ പല കാര്യങ്ങളും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെത്തുന്ന ചില തടവുകാർ ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് അയയ്ക്കുകയും ശക്തിയേറിയ മരുന്നുകൾ നൽകുകയും ചെയ്യുന്നുണ്ടെന്നും സുഗതൻ ആരോപിച്ചു.


ഇത്തരം മരുന്നുകൾ കഴിക്കുന്നവർ മന്ദതയിലാകുകയും ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തുകയും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ തടവുകാർ പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും ആരോപിച്ചു. താൻ കഴിഞ്ഞിരുന്ന ബ്ലോക്കുകളിൽ നേരിട്ട് ലഹരി ഇടപാടുകൾ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ സുഗതൻ, മറ്റു ബ്ലോക്കുകളിൽ നിന്നും മറ്റ് ജയിലുകളിലേക്ക് മാറ്റപ്പെട്ടവരുമായും സംസാരിച്ചതിലൂടെ ജയിലിനുള്ളിലെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ജയിലുകളിലെ ലഹരി ഇടപാടുകളെയും ക്രമക്കേടുകളെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post Next Post