തൃശൂർ: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ അമ്മയും മകളും അറസ്റ്റിൽ. തൂമാനം ചിറയത്ത് വീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദു (റിനി), മകൾ സോന (22) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉൾപ്പെടെ തൃശൂർ ജില്ലയിൽ നിരവധി കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
അയൽവാസിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സംസാരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. ഇതിനിടെ സ്റ്റേഷനിലെ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്.
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
തുടർന്ന് എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.