ജഡ്ജിമാർക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്…മലപ്പുറം സ്വദേശിയായ ഹർജിക്കാരനെതിരെ കോടതിയലക്ഷ്യ….




ന്യൂഡൽഹി: ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ ഫെയ്സ്ബുക്കിൽ അപവാദപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മലപ്പുറം സ്വദേശി ഇ.പി. ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി. 

നവംബറിൽ നേരിട്ട് ഹാജരാകാനും കോടതി നിർദേശം നൽകി. ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയായ ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. 

ജോലിയുള്ള ഭാര്യയ്ക്ക് ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. തിരുവല്ല കുടുംബക്കോടതി ജീവനാംശത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കിയിരുന്നു. 
എന്നാൽ, ഹൈക്കോടതി ഭാര്യയുടെ ജോലി താൽക്കാലികമാണെന്ന് ചൂണ്ടിക്കാട്ടി ജീവനാംശത്തിന് അർഹതയുണ്ടെന്ന് ഉത്തരവിട്ടു. തുക നിശ്ചയിക്കാൻ കുടുംബക്കോടതിക്ക് നിർദേശവും നൽകി. ഇതിനെതിരെയാണ് ജയപ്രകാശ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിന്റെ നടപടികൾക്കിടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ ജയപ്രകാശ് ഫെയ്സ്ബുക്കിലൂടെ നിരന്തരം അപവാദപരമായ പരാമർശങ്ങൾ നടത്തിയെന്ന് ഭാര്യ കോടതിയെ അറിയിച്ചു. 

2023ൽ വിധി വൈകിയെന്നാരോപിച്ച് തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ വാഹനം തകർത്ത കേസിലും ജയപ്രകാശ് പ്രതിയാണെന്നും കോടതിയെ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച ജസ്റ്റിസുമാരായ എ. അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച്, ഹർജിക്കാരന്റെ പ്രതികരണങ്ങൾ പരിധിവിട്ടതാണെന്ന് നിരീക്ഷിച്ചു.

 ഹൈക്കോടതി ജഡ്ജിക്കെതിരെയും മോശമായ പരാമർശങ്ങൾ നടത്തിയതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുടർന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. 

നവംബറിൽ ജയപ്രകാശ് നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
Previous Post Next Post