തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി



തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്ക് കുത്തനെ ഉയർത്തി. ജീവനക്കാരുടെയും പാർക്കിംഗ് നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്.ഇതിന് പുറമെ നിലവിലുള്ള ഫ്രീ സമയം വെട്ടിക്കുറച്ചതോടെ,പ്രതിഷേധവുമായി ജീവനക്കാർ.നിലവിൽ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗ് ഫീ ഈടാക്കിയിരുന്നില്ല. 


എന്നാൽ ഇന്ന് മുതൽ ഒരു മാസം പാർക്കിംഗ് ഫീയായി 400 രൂപ നൽകണം.കാറിന് 400 നൽകിയിരുന്ന സ്ഥലത്ത് 800 രൂപ നൽകണം.നേരത്തെ വിമാനത്താവളത്തിൽ ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർക്ക് 10 മിനിറ്റ് ഫ്രീ സമയവും അത് കഴിഞ്ഞുള്ള അരമണിക്കൂറിന് 20 രൂപയുമായിരുന്നു നിരക്ക്.എന്നാൽ ഇന്ന് മുതൽ ഫ്രീ സമയം എട്ട് മിനിറ്റാക്കി കുറച്ച്,അരമണിക്കൂറിന് 50 രൂപയാക്കി മാറ്റി.കാറിന് അര മണിക്കൂർ 100ൽ നിന്ന് 150യാക്കി ഉയർത്തി.എന്നാൽ ജീവനക്കാർ ഇത്രയും തുക നൽകി വാഹനങ്ങൾ മഴയത്തും വെയിലത്തും പാർക്ക് ചെയ്യേണ്ട ഗതികേടിലാണ്.
അദാനിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിമാനത്താവളങ്ങളിലും ഒറ്റ പാർക്കിംഗ് നിരക്ക് ഈടാക്കണമെന്ന നിർബന്ധത്തോടെ അഹമ്മദാബാദിൽ നിന്നുമാണ് പുതിയ നിരക്ക് ഈടാക്കാനുള്ള ഉത്തരവ് എത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ബി.വി.ജി എന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരെ ഉപയോഗിച്ച് അദാനി ഗ്രൂപ്പാണ് പാർക്കിംഗ് ഫീ പിരിക്കുന്നത്.


Previous Post Next Post