കേന്ദ്ര സർവകലാശാലയിൽ വന്ദേമാതര സെമിനാറിനെച്ചൊല്ലി സംഘർഷം…


        

കാസർഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതര സെമിനാറുമായി ബന്ധപ്പെട്ട് കനത്ത വിദ്യാർഥി പ്രതിഷേധം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പെരിയയിലെ ക്യാംപസിൽ നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ ആർ.എസ്.എസ് നേതാക്കൾ പങ്കെടുക്കുന്നതിനെതിരെയാണ് വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ലൈബ്രറി സെമിനാർ ഹാളിലാണ് പരിപാടി നടക്കുന്നത്.

എസ്.എഫ്.ഐ, എം.എസ്.എഫ്, എൻ.എസ്.യു.ഐ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. പരിപാടിയിൽ മുഖ്യപ്രഭാഷകനായി എത്തുന്ന പ്രജ്ജാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാറിനെ ക്യാംപസിൽ വെച്ച് തടയുമെന്നാണ് വിദ്യാർഥി സംഘടനകളുടെ പ്രഖ്യാപനം. ആർ.എസ്.എസ് നേതാക്കൾ മുഖ്യപ്രഭാഷകരായി എത്തുന്ന ഈ സെമിനാറിന് അക്കാദമിക പ്രാധാന്യമില്ലെന്നും ഇത് ക്യാംപസിനെ കാവിവത്കരിക്കാനുള്ള അജണ്ടയാണെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാംപസ് സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. പ്രതിഷേധവുമായി മുന്നോട്ട് പോയാൽ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നാണ് സർവകലാശാല അധികൃതരുടെ മുന്നറിയിപ്പ്. വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർവകലാശാലാ പരിസരത്ത് കനത്ത ജാഗ്രതയും സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്
Previous Post Next Post