മലപ്പുറം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ തള്ളി മന്ത്രി എ.പി. അനിൽകുമാർ. ചർച്ചകൾ ഏതുതലത്തിലാണോ വേണ്ടത്, അവിടെയാണ് നടത്തേണ്ടതെന്ന് അനിൽകുമാർ പറഞ്ഞു. ചർച്ചകളിൽ എന്തെങ്കിലും അഭാവമുണ്ടെങ്കിൽ അത് പൊതുവേദിയിൽ പറയേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നും അനിൽകുമാർ പറഞ്ഞു. അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിൽ ആസൂത്രിതമായി എന്തെങ്കിലും ഉണ്ടെന്ന് തനിക്ക് അറിവില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ മാധ്യമങ്ങളിൽ തുടർച്ചയായി വിമർശനങ്ങൾ ഉയരുന്നതിനെതിരെയും അനിൽകുമാർ പ്രതികരിച്ചു. എന്ത് കാര്യമുണ്ടായാലും അത് കെ.സി. വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. തന്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ പറയുമെന്നും അനിൽകുമാർ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ വിഷയങ്ങൾ ബന്ധപ്പെട്ട വേദികളിൽ ചർച്ച ചെയ്യുന്നതാണ് ഉചിതമെന്ന നിലപാടാണ് മന്ത്രി ആവർത്തിച്ചത്. അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽനിന്ന് തന്നെ വ്യത്യസ്ത പ്രതികരണങ്ങൾ പുറത്തുവരുന്നതിനിടെയാണ് എ.പി. അനിൽകുമാറിന്റെ പ്രതികരണം.