കെഎസ്‌ആര്‍ടിസിയുടെ പുതിയ തീരുമാനം… സർവീസ് നടത്തുന്ന ബസുകൾ പൊളിച്ച്….





എടപ്പാൾ: കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ച് വാനുകളാക്കി മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആലുവയിൽ മാത്രം ആറു ബസുകൾ പൊളിക്കുന്നു. ഇക്കഴിഞ്ഞ 23-ന് കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിലെ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ നടന്ന ഗൂഗിൾ മീറ്റിന്റെ തീരുമാനപ്രകാരമാണ് വിവിധ ഡിപ്പോകളിൽ വാനുകളാക്കി മാറ്റാൻ പറ്റുന്ന ബസുകൾ കണ്ടെത്തി അറിയിക്കാൻ നിർദ്ദേശിച്ചത്.

ഇതനുസരിച്ച് ആലുവയിൽ മാത്രം ആറു ബസുകൾ കണ്ടെത്തിയതായി വർക്‌സ് മാനേജർ മെക്കാനിക്കൽ എൻജിനിയർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. ഇവ വാനാക്കി മാറ്റാൻ ആലുവ റീജണൽ വർക് ഷോപ്പിലേക്ക് അയക്കണമെന്നും കത്തിലുണ്ട്. തിരുവനന്തപുരം സെൻട്രൽ വർക് ഷോപ്പിൽ നിന്ന് വിവിധ ഡിപ്പോകളിലേക്ക് സ്പെയർ പാർട്സ് എത്തിക്കാൻ ഉപയോഗിച്ചിരുന്ന വാനുകളിൽ 35 എണ്ണത്തിന്റെ കാലാവധി ഇക്കഴിഞ്ഞ 30-ന് അവസാനിച്ചിരുന്നു. പുതിയ വാൻ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും, അതുവരെ സ്പെയർ പാർട്സ് നീക്കം തടസ്സപ്പെട്ടാൽ ബസ് സർവീസുകളുടെയും വർക് ഷോപ്പുകളുടെയും പ്രവർത്തനം സ്തംഭിക്കുമെന്നതിനാലാണ് താത്കാലികമായി സർവീസ് നടത്തുന്നതടക്കമുള്ള ബസുകളുടെ സീറ്റുകളഴിച്ചെടുത്ത് വാനാക്കാനുള്ള നടപടിയാരംഭിച്ചത്.


മെക്കാനിക്കൽ എൻജിനിയർ നടത്തിയ ഗൂഗിൾ മീറ്റിലെ നിർദ്ദേശാനുസരണമാണ് ബസുകൾ വാനുകളാക്കി മാറ്റാൻ തീരുമാനിച്ചതെന്ന് വ്യക്തമാകുന്നതോടെ കോർപ്പറേഷന്റെ ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം, നിയമപരമായുള്ള തടസ്സങ്ങളും ഇൻഷുറൻസ് പരിരക്ഷയും സംബന്ധിച്ച് ഡ്രൈവർമാർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കോർപ്പറേഷൻ തീരുമാനവുമായി മുന്നോട്ടുതന്നെയാണ്

أحدث أقدم