സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി. റിയാദില്‍ 2 ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന 3 ബാലസ്റ്റിക് മിസൈലുകളും തെക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ട 4 ഡ്രോണുകളുമാണ് തകര്‍ത്തത്. ഇതിനിടെ, ഹൂതികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് യമനില്‍ സൈനിക നടപടികള്‍ ശക്തമായി തുടരുകയാണ്.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി ഇന്ന് രാവിലെ ഹൂതികള്‍ തൊടുത്ത 3 ബാലസ്റ്റിക് മിസൈലുകള്‍ സഖ്യസേന പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തു. ഇതിന് പുറമെ സൗദിയുടെ തെക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 4 ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തു. ഉച്ചയ്ക്ക് ശേഷം റിയാദില്‍ 2 ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. അല്‍-ഖര്‍ജ്, അബഹ, ഖമീഷ് മുശൈത്ത്, നജ്‌റാന്‍, ഹരീഖ്, കിഴക്കന്‍ പ്രവിശ്യ, തെക്കന്‍ മേഖല ഉള്‍പ്പെടെ സൗദിയുടെ പല ഭാഗത്തും സിവില്‍ ഡിഫന്‍സിന്റെ അപായ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. അതേസമയം യമനില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടിയാണ് യമന്‍ സൈന്യം നല്‍കുന്നത്