വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ നടപടിയുമായി ജാമിഅ മില്ലിയ സർവകലാശാല. സമരപ്പന്തൽ പൊളിച്ചുമാറ്റാനാണ് സർവകലാശാല അധികൃതരുടെ നീക്കം. നിരാഹാരം കിടക്കുന്ന വിദ്യാർഥികളെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും നടപടി ആരംഭിച്ചു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചയായി ക്യാമ്പസിനകത്ത് വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പ്രതിഷേധിച്ചുവരികയായിരുന്നു. ഇതിനിടെ ചില വിദ്യാർഥികൾ നിരാഹാര സമരവും നടത്തിയിരുന്നു.
സമരപ്പന്തൽ പൊളിച്ചുമാറ്റാനും നിരാഹാര സമരം കിടക്കുന്ന വിദ്യാർഥികളെ സ്ഥലത്ത് നിന്ന് നീക്കാനുമായി സർവകലാശാല ഗാർഡുകൾ ഒന്നിച്ചെത്തിയത് പ്രദേശത്ത് നേരിയ സംഘർഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. ക്യാമ്പസിൽ നിന്ന് വിദ്യാർഥികളെ പൂർണമായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സർവകലാശാല ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങണമെന്നും ക്ലാസുകൾ ഓൺലൈൻ വഴി മാത്രമായിരിക്കുമെന്നുമാണ് അധികൃതരുടെ നിർദേശം
അതേസമയം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധവേദിയിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകളും സമരത്തിലുള്ള വിദ്യാർഥികളും. സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ എംപിമാരും നേതാക്കളും ക്യാമ്പസിൽ എത്തിയിരുന്നെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയുണ്ടായി. നിലവിൽ പോലീസ് ക്യാമ്പസിന് പുറത്ത് വലിയ സന്നാഹത്തോടെ നിലയുറപ്പിച്ചിട്ടുണ്ട്.