കാലിക്കറ്റ് സർവകലാശാലയിലെ ആക്രമണം ആസൂത്രിതം… കാലിക്കറ്റ് വിസി ഒന്നാം പ്രതിയെന്ന് എം.വി. ഗോവിന്ദൻ.



മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ എംഎസ്എഫ് ആക്രമണം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പകയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ സർവകലാശാലാ വൈസ് ചാൻസലറാണ് ഒന്നാം പ്രതിയെന്നും പ്രോ വൈസ് ചാൻസലറും രജിസ്ട്രാറും യഥാക്രമം രണ്ടും മൂന്നും പ്രതികളാണെന്നും ഗോവിന്ദൻ വിമർശിച്ചു.

യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയെ പരാജയപ്പെടുത്താൻ കഴിയാത്തതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ വിജയിച്ചതിലുള്ള പകയാണ് അക്രമത്തിന് പിന്നിൽ. ക്ലാസ് മുറികളിൽ കയറി വിദ്യാർഥികളെ കൈയേറ്റം ചെയ്തെന്നും ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്എഫ്ഐയുടെ കൊടിമരം മുറിച്ചുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. മഴു ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമികൾ എത്തിയതെന്നും ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. ക്രിമിനൽ സംഘത്തെ മുസ്ലിം ലീഗ് നേതൃത്വം നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം അക്രമങ്ങൾ കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ മറുപടി പറയണമെന്നും അക്രമത്തെ അപലപിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.



أحدث أقدم