
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് ഓട്ടുപാത്രങ്ങളും നിലവിളക്കുകളും അടക്കമുള്ള ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ. പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് പിടിയിലായത്. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് നടപടി.
പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് എന്നിവയുൾപ്പെടെ രണ്ടരലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. ജൂൺ ഒന്നിന് പൂജാരിയായി ചുമതലയേറ്റ പ്രിൻസ് പലതവണകളായാണ് ക്ഷേത്രസാമഗ്രികൾ കടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നാല് ദിവസത്തെ അവധിക്കിടെ പകരം മറ്റൊരു പൂജാരി എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ കല്ലമ്പലം പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.